2020 ജനുവരി 11, ശനിയാഴ്‌ച

പ്യാരീസ് മിഠായികൾ

         പേടി... അച്ഛൻ എന്നു കേൾക്കുമ്പോൾ കുഞ്ഞുനാളിലെ മുതൽ മനസ്സിൽ തോന്നുന്ന വികാരം... മുത്തച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ ഈച്ചയാട്ടുന്നതു പോലെ മാത്രം തല്ലാനറിയുന്ന ആൾ.... എന്നിട്ടും എന്തേ പേടി? മുഖത്തെ കർക്കശഭാവം... ആജ്ഞാശക്തിയുള്ള വാക്കുകൾ.. ഉറച്ച തീരുമാനങ്ങൾ.. ഞങ്ങൾ മൂന്നു പെൺമക്കളെ പേടിപ്പിക്കാൻ ഇതൊക്കെ ധാരാളമായിരുന്നിരിക്കണം..
          ചിട്ടകൾ ധാരാളം ഉണ്ട് വീട്ടിൽ... ഏഴാം ക്ലാസ്സ് ആകുന്നതു വരെ രാത്രി 7 മുതൽ 8 മണി വരെ പഠന മേശയിൽ നിന്നും എഴുന്നേൽക്കാൻ അനുവാദമില്ല.... എട്ടാം ക്ലാസ്സ് മുതൽ രാവിലെ ഏഴു മണി മുതൽ ട്യൂഷൻ... വീട്ടിലെ പഠന സമയം വീണ്ടും കൂട്ടി... മൂത്ത മകൾ ഹൈസ്കൂളിൽ ആയതു പ്രമാണിച്ച് വീട്ടിൽ ആദ്യമായി വാങ്ങിയത് ഒരു ടൈംപീസ്. സ്റ്റീലിന്റെ വലിയ ശബ്ദത്തിൽ അലാം അടിയ്ക്കുന്ന..ദിവസവും key കൊടുത്ത് ഉപയോഗിക്കുന്ന ഒന്ന്.... അച്ഛന്റെ ദിനചര്യകളിൽ അതും ചേർന്നു.... 4 മണിക്ക് അലാം വെച്ച് അച്ഛൻ തന്നെ വിളിച്ചുണർത്തും.... ഒറ്റ വിളിക്ക് എഴുന്നേൽക്കും.. പേടിയല്ലേ.... എഴുന്നേൽക്കാൻ വൈകിയ ഒരു ദിവസം ശിക്ഷ കിട്ടി - ഇന്നു സ്കൂളിൽ പോകണ്ട. കരഞ്ഞു നോക്കി ....സമ്മതിച്ചില്ല.. വീട്ടിലിരുന്നു പഠിക്കാത്തവർ സ്കൂളിൽ പോയിട്ട് കാര്യമില്ലെന്നു മറുപടി.
               ഹൈസ്കൂളിൽ ആയിരുന്ന മൂന്നു വർഷങ്ങൾ വിദ്യാഭ്യാസമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം  എന്നു മനസ്സിലാക്കിത്തരുന്ന വിധത്തിൽ പെരുമാറി. എല്ലാ ഞായറാഴ്ചകളിലും ആ ആഴ്ച പഠിപ്പിച്ചതു മുഴുവൻ ചോദ്യം ചോദിക്കും. ഈ സമയത്ത് ഇരിക്കുന്ന കസേര അച്ഛന്റെ കസേരയോട് ചേർത്തിടണം. ഉത്തരം പറഞ്ഞില്ലെങ്കിൽ തുടയ്ക്കാണ് അടി.. എത്ര പഠിച്ചാലും പേടിച്ചാണ് ഈ സമയത്തെ അതിജീവിച്ചിട്ടുള്ളത്..... എല്ലാം പഠിച്ചിട്ടുണ്ടെങ്കിൽ 4 മണിക്ക് TV യിൽ സിനിമ കാണാം.. ഇല്ലെങ്കിൽ അതും സ്വാഹാ....
               അവധി ദിവസങ്ങളിൽ വീട്ടിൽത്തന്നെ assignment കൾ ധാരാളം.. മുറ്റത്തെ പുല്ലുപറയ്ക്കുക്കുക , വീട്ടിലെ ചാണകക്കുഴിയിൽ നിന്നും ചാണകം കുട്ടയിലാക്കി തെങ്ങിനും വാഴയ്ക്കും ഇടുക... തേങ്ങ ഇടുന്ന ദിവസം അവ പെറുക്കി ഒരിടത്തു കൂട്ടിയിടുക... ഇങ്ങനെയിങ്ങനെ.....
                നാല് പാരീസ് മിഠായികൾ... അത് വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കയ്യിൽ ഉണ്ടാകും. ഞങ്ങൾ മൂന്നു പേർക്കും അമ്മയ്ക്കുമാണ് അത്. ശമ്പളം കിട്ടുന്ന ദിവസം മിഠായി മാറി Mixture, biscuits എന്നിവ വരും..  3 തവണ calling bell തുടരെയടിച്ചാൽ അച്ഛന്റെ വരവാണ്. മൂന്നു പേരും വാതിൽ തുറക്കാനുള്ള ഓട്ടമാണ്.. അച്ഛൻ കൊണ്ടു വന്നിരിക്കുന്നത് തിന്നാനുള്ള ധൃതി... ചിലപ്പോഴൊക്കെ സിനിമ കാണിക്കാൻ കൊണ്ടു പോകും. എനിക്ക് SSLC പരീക്ഷ തുടങ്ങുന്ന ബുധനാഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള ഞായറാഴ്ചയും കൊണ്ടുപോയി.... ആയക്കാട് ആനന്ദ്.. ഞങ്ങളുടെ പ്രിയപ്പെട്ട ഓല മേഞ്ഞ തീയറ്റർ..
                  അച്ഛന്റെ പുറമേ കാണുന്ന കാർക്കശ്യത്തിന് ഒരു മറുവശം കൂടിയുണ്ടെന്ന് മനസ്സിലാക്കിയ ഒരു സംഭവം.... എനിക്ക് SSLC പരീക്ഷ ആരംഭിക്കുന്ന ദിവസം... Kalady Sree Sankara College ൽ clerk ആയിരുന്ന അച്ഛൻ രാവിലെ 8 മണിക്കാണ് ഓഫിസിൽ പോകുന്നത്. അന്നും പതിവുപോലെ പോയി. 25 മിനിട്ട് നടന്നാണ് bus stop ൽ ചെല്ലേണ്ടത്.. 15 മിനിട്ട് കഴിഞ്ഞപ്പോൾ അതാ അച്ഛൻ തിരിച്ചു വന്നിരിക്കുന്നു... തലേന്ന് College Library യിൽ നിന്നും കൊണ്ടുവന്ന India Today മറന്നു, അത് എടുക്കാൻ തിരിച്ചു വന്നതാണെന്നു പറഞ്ഞപ്പോൾ മുഖത്ത് ഒരു കള്ളം പറയുന്ന ലക്ഷണം.. എന്താ അച്ഛാ? ഞാൻ വീണ്ടും ചോദിച്ചു. നീ Hall ticket എടുത്തു വെച്ചോ? നോക്ക്.., വെച്ചു എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു... ഇറങ്ങാൻ നേരം ഹാൾ ടിക്കറ്റിന്റെ കാര്യം നിന്നെ ഓർമ്മിപ്പിക്കാൻ മറന്നു.. അതാ സത്യത്തിൽ തിരിച്ചു വന്നത്.. ഇത്രയും പറഞ്ഞ് പതുക്കെ ഒരു ചമ്മിയ ചിരി ചിരിച്ച് ധൃതിയിൽ അച്ഛൻ തിരിച്ചുപോയി..,,.പുറമേ കാണിക്കുന്ന ഗൗരവഭാവത്തിനപ്പുറം വളരെ മൃദുലമായ., ദൗർബ്ബല്യങ്ങളുള്ള ഒരു മനസ്സും അച്ഛനുണ്ടെന് അന്ന് ഞങ്ങൾ മനസ്സിലാക്കി.
                ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതമാണ്... അച്ഛന് ഇതൊക്കെ എങ്ങനെ സാധിച്ചു? ചേരുവകളൊക്കെ കൃത്യമായി ചേർത്ത് ഇങ്ങനെ ജീവിതം കൂട്ടിയെടുക്കാൻ... അധികം സുഖിപ്പിക്കലുകളില്ല. നല്ലതായി കാര്യങ്ങൾ ചെയ്താൽ ഒന്നോ രണ്ടോ വാക്കിൽ അത് സൂചിപ്പിക്കും. അച്ഛന്റെ പ്രശംസ എനിക്ക് പൊന്നിനേക്കാൾ വിലയുള്ളതാണ്. .. ഇപ്പോഴും .. എപ്പോഴും..
                     തെറ്റു വല്ലതും ചെയ്തു പോയാൽ ഇപ്പോഴും വഴക്കു പറയുന്നത് പഴയ രീതിയിൽ തന്നെ.. അതു കൊണ്ടു തന്നെ വല്ല അബദ്ധവും ചെയ്താൽ അച്ഛനറിഞ്ഞാൽ വഴക്കു പറയുമല്ലോ എന്നാണ് ഇന്നും ആദ്യം ചിന്തിക്കുക.. പഴയ പേടി ഇപ്പോഴും പോയിട്ടില്ല തന്നെ.
                   ഇപ്പോൾ... വർഷങ്ങൾ കഴിഞ്ഞപ്പോൾ പഴയ ഗൗരവമെല്ലാം വിട്ട് ഒരു തനി മുത്തച്ഛനായിരിക്കുന്നു. ഞങ്ങൾ അത് ഒത്തിരി ആസ്വദിക്കുന്നുണ്ട്.,.. "സട കൊഴിഞ്ഞ സിംഹം " എന്നൊക്കെ പറഞ്ഞ് ചിലപ്പോൾ ഞങ്ങൾ കളിയാക്കാറുമുണ്ട് - അതിനുള്ള സ്വാതന്ത്ര്യമൊക്കെയായി.... എങ്കിലും ഇപ്പോഴും ഞങ്ങളെ ജീവിത പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു.... സ്വന്തം നിലപാടുകൾ കൊണ്ട്.,.. കുറിക്കു കൊള്ളുന്ന ചില മറുപടികൾ കൊണ്ട്.,
                 അച്ഛൻ എന്നാൽ മക്കൾക്ക് ഒരു പാട് അർത്ഥങ്ങൾ ഉള്ള ഒരു വാക്കാണ്. എനിക്കും അത് അങ്ങനെ തന്നെ.. അച്ഛനെ കാണുമ്പോൾ ഒരു കടലിരമ്പി വരികയാണെന്നു തോന്നും.. സന്തോഷവും സമാധാനവും നിറച്ച ഒരു കപ്പൽ തിരകളിലിങ്ങനെ ഒഴുകുന്നതുപോലെ..... ശാന്തമെങ്കിലും എന്തും ചെയ്യാൻ കെല്പുള്ള ഓളങ്ങൾ എന്നെ പൊതിയുന്നതു പോലെ....